Wednesday, February 27, 2013

ഒരു നഗരയാത്ര

നഗരയാത്രാ മദ്ധ്യേ പഴയൊരു സുഹൃത്തിനെ കണ്ടു
ചോരക്കറ പിടിച്ച പല്ലുക്കാട്ടി ചിരിച്ചു
ഏതോ ചങ്ങാതിയുടെ ചോര കുടിച്ചുള്ള വരവാണ്
തിരക്കുണ്ടെന്നു , ഒരാള്‍ തലച്ചോറുമായി കാത്തു നില്‍ക്കുന്നു
തിന്നണം, അദ്ദേഹം പറഞ്ഞകന്നു .
പരസ്യപലകയില്‍ ഒരു കിളവന്റെ ചിത്രം ,താഴെ
"യവ്വനം നിലനിര്‍ത്താന്‍ കന്യക രക്തം "
പെണ്‍കുട്ടികളുടെ ചോരക്കാണ്  ആവശ്യം
 രാത്രിക്ക് കറുപ്പ് കൂടുംതോറും
പല മുഖങ്ങളും വികൃതമായി  തുടങ്ങി
നീണ്ടു കൂര്‍ത്ത പല്ലുകളും ചോര മണമുള്ള സംസാരവും
എങ്ങനെയോ വീട്ടില്‍ ചെന്ന് കേറി
കണ്ണാടിയില്‍ മുഖത്തിന്‌ മാറ്റം
കൂര്‍ത്ത പല്ലില്‍ രക്തക്കറ ,നരിയുടെ കണ്ണുകള്‍
മൂക്ക് രക്തത്തിന്റെ ഗന്ധം തേടുന്നു
എന്നിലെ ഞാന്‍ ഇല്ലാതാകുന്നു
ജിബ്രാനെ* ഓര്‍ത്തു ,വലിച്ചു കീറാന്‍ മുഖം മുഖംമൂടി അല്ലല്ലോ
പകരം എന്റെ കഴുത്തറുത്തു .......

*ഖലീല്‍ ജിബ്രാന്‍

Monday, December 26, 2011

അക്ഷരങ്ങള്‍

അക്ഷരങ്ങള്‍ .............
പല കാലത്തും എന്നില്‍ നിന്നും ചിതറി തെറിച്ചവ ,പുറത്തു ചാടിയവ
പല തലകള്‍ക്കും തീ പിടിപ്പിച്ചവ
പല തലകളും അറുത്ത് എറിഞ്ഞവ
ലോകത്തെ തന്നെ മാറ്റിയവ...
ഭയത്തോടെ ഞാന്‍ അവയെ ചേര്‍ത്ത് വെച്ചു
വാക്കുകളാക്കി , വാക്യങ്ങള്‍ ആക്കി
വെളുത്ത പ്രതലത്തില്‍ കറുത്ത പോറലുകള്‍ പോലെ
അക്ഷരങ്ങള്‍ ...............
പലപ്പോഴും അവ എനിക്ക് പിടിതരാറില്ല
ഒളിച്ചിരുന്നും കുതറി ഓടിയും എന്നോട് കലഹിച്ചിരുന്നു
ഒറ്റ അക്ഷരങ്ങള്‍ ചേര്‍ത്ത് ഞാന്‍
വാക്കുകള്‍ ഉണ്ടാക്കി
വാക്കുകള്‍ ചേര്‍ത്ത് വാക്യങ്ങള്‍ .....
അവയെ ഞാന്‍ കവിതകള്‍ എന്ന് വിളിച്ചു
അത് കേട്ട് അവ എന്നെ നോക്കി ചിരിച്ചിരുന്നു , സഹതപിച്ചിരുന്നു
ചില അക്ഷരങ്ങള്‍ക്ക് എന്നോട് പുച്ഛമാണ്
അവര്‍ മഹാ കവിതയിലെ അക്ഷരങ്ങളത്രേ
ഞാന്‍ എന്തിനവരെ എന്നിലേക്ക്‌ ചേര്‍ക്കുന്നുവത്രേ
ഒന്നും പറഞ്ഞില്ല പതിയെ അവയ്ക്ക് മേലെ ഒരു കനത്ത വര വരച്ചു
പുറത്തേക്കു എറിഞ്ഞു ............
ഓര്‍ത്തു,ഇനി എന്നാണാവോ ഈ പേനക്കും എന്നോട് പുച്ഛം തോന്നുന്നത് ?

Thursday, December 22, 2011

ബുദ്ധിജീവി

എന്റെ വാക്കില്‍ തീയുണ്ട്‌ കത്തുന്ന പകയുണ്ട്
എന്നിട്ടും നിങ്ങളെന്നെ ഊമയെന്നു വിളിക്കുന്നു
എന്റെ കയ്യുടെ കരുത്താല്‍ നിങ്ങളുടെ കാലം തന്നെ മാറുന്നു
എന്നിട്ടും നിങ്ങളെന്റെ കയ്യുകള്‍ കാണുന്നില്ല
എല്ലാം കാണുന്ന എന്നെ
എന്തേ നിങ്ങള്‍ അന്ധന്‍ എന്ന് വിളിക്കുന്നു ?
ശബ്ദ കോലാഹലങ്ങള്‍ കൂട്ടി
നിങ്ങളെന്റെ കാതുകളെ കൊട്ടി അടച്ചില്ലേ ?
എന്റെ മണ്ണില്‍ നിന്നെന്നെ അടര്‍ത്തി മാറ്റാന്‍
നിങ്ങളെന്റെ കാലുകള്‍ വെട്ടി മാറ്റിയില്ലേ ?
പിന്നെ എന്തിനെന്റെ രക്തവും സിരകളും ബാക്കി നിര്‍ത്തി
എന്നെ ബുദ്ധി ജീവിയായി കുടിയിരുത്തി ?
എന്റെ മരണത്തെ നിങ്ങള്‍ ആഘോഷിക്കുക
എന്റെ നെഞ്ചില്‍ ആ ചോരയുടെ ഗന്ധമുള്ള റീത്തുകള്‍ വെക്കുക ......

Sunday, June 26, 2011

ഇനി എന്തിനു ഉയര്ത്തുഎഴുനേല്ക്കണം ?

ഞാന് മരിച്ചിരിക്കുന്നു ! നല്ല കാര്യം !
ഇനി ഒന്ന് ഉയര്ത്തുഎഴുനേല്ക്കണം എന്ന് കരുതിയതാണ്
3 ദിവസം കൂടി ഉണ്ടല്ലോ
പരലോകത്തെ എജെന്റ് മാര് വന്നു കണക്കെടുപ്പ് തുടങ്ങി
അവര്ക്ക് ആദ്യം അറിയേണ്ടത് എന്റെ മതത്തെ കുറിച്ചാണ്
അത് പ്രകാരം ആണത്രേ സ്വര്ഗ്ഗ നരക പ്രവേശനം
മതം ,ജാതി ,വിദ്യാഭ്യാസം ...........അങ്ങനെ പലതും അവര് ചോദിച്ചു
ആരും എന്റെ ഒരു സി വി പോലും കുഴിയില് വെക്കാത്തത് മോശം ആയി
ഞാന് മതം പറഞ്ഞില്ല ....
ഞാന് മരിച്ചില്ലേ പിന്നെ എന്ത് മതം എന്ന് ഞാന്
അത് കേട്ടതും പ്രവാചകരും ,ദൈവങ്ങളും ,അനുയായികളും കൂട്ടത്തോടെ വന്നു
എല്ലാ കൂട്ടരും ഉണ്ട് .
എല്ലാവര്ക്കും അംഗ ബലം കൂട്ടണം
അവിടെയും അവര് ഒരു കലാപത്തിനു കോപ്പ് കൂട്ടി തുടങ്ങി
ഞാന് പതുക്കെ കുഴിയിലേക്ക് തന്നെ മടങ്ങി
കണ്ണ് രണ്ടും ഇറുക്കി അടച്ചു അവിടെ കിടന്നു
ഇനി എന്തിനു ഉയര്ത്തുഎഴുനേല്ക്കണം ?

Tuesday, February 23, 2010

ഞാന്‍ അന്ധന്‍ അല്ല

ഇന്നെനിക്കു കണ്ണുകളില്ല
എന്നേ ഞാനവ ചൂഴ്ന്നു മാറ്റി
പ്രണയവും മരണവും മാത്രം കണ്ടുമടുത്ത കണ്ണുകള്‍
ഇന്നെന്‍റെ കാഴ്ച്ചയില്‍ നിന്‍റെ രൂപമില്ല
പട്ടിണി തിന്നസ്ഥികോലങ്ങള്‍ തൂങ്ങി ആടുന്നുണ്ട്
നിന്‍റെ പുഞ്ചിരി ഇല്ല
ഏതോ ചതിയില്‍ തകര്നടിഞ്ഞ പെണ്‍കിടാങ്ങള്‍തന്‍ തേങ്ങലുണ്ട്
ഇന്നെന്‍റെ കാതില്‍ നിന്‍ മോഹനവാഗ്ദാനങ്ങള്‍ ഇല്ല
കാലം തെറ്റി മരിച്ച ആത്മാക്കള്‍ കവിത പാടുന്നുണ്ട്
ഇന്നെനിക്കു , എങ്ങോ ആത്മഹുതിക്കായ്‌ കയര്‍ മുറുകുന്നത് കാണാം
കൊലകത്തി മൂര്‍ച്ചക്കൂട്ടും തീപൊരികള്‍ കാണാം
വേട്ടകാരെയും ഇരകളെയും കാണാം
ഇന്നെന്‍റെ വാക്കിന്നു പഴയ മധുരമില്ല
നെഞ്ചില്‍ തറക്കും ചാട്ടുളിയാണ്
നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ രക്തം മരവിപ്പിക്കുന്നില്ല
കാഴ്ചകള്‍ എന്‍റെ രക്തത്തിന്നു തീ കൊളുത്തുന്നു
എന്‍റെ ഹൃദയത്തില്‍ നീ തന്ന മുറിവുകള്‍
തലയറ്റ ജഡങ്ങളാല്‍ മൂടിയിരിക്കുന്നു
ഞാന്‍ ഇന്ന് മരണത്തെ പ്രണയിക്കുന്നില്ല
അതൊരു സത്യമെന്നറിയുന്നു
ഞാന്‍ നിന്‍റെ കാല്‍ പാടുകള്‍ പിന്തുടരുന്നില്ല
നിന്‍റെ കാല്പാടുകള്‍ ചോരയില്‍ മാഞ്ഞിരിക്കുന്നു
ചോരയും വിയര്‍പ്പും ആശയും നിരാശയും വീണു പടര്‍ന്ന ഈ മണ്ണില്‍
ഞാന്‍ തല ഉയര്‍ത്തിനില്‍ക്കുന്നു
എന്‍റെ കണ്ണുകള്‍ അലറുന്നു......
ഞാന്‍ അന്ധന്‍ അല്ല......

Monday, November 23, 2009

കേള്‍കാതെ പോയവര്‍

എല്ലാവരും പോകുകയാണ് ഒന്നും കേള്‍ക്കാന്‍ നില്‍കാതെ,
ഒന്നും പറയാതെ......
ഒരു നിമിഷം കൊണ്ടവര്‍ വിടപറഞ്ഞു നീങ്ങുമ്പോള്‍
പറയാന്‍ ബാകി വെച്ചതെല്ലാം
ഹൃദയത്തില്‍ ഒരു ചിത ഒരുക്കി അതില്‍ ദഹിപ്പിക്കാം
അതൊരു നേരിപോടായ് നെഞ്ചില്‍ നീറ്റാം
ഓര്‍മ്മകള്‍ പേമാരിയായി കണ്ണില്‍ നിന്ന് പെയ്തൊഴിയുന്നു
ആ പേമാരിയിലും നേരിപോട് അണയുനില്ല
ഒന്ന് യാത്ര പറഞ്ഞിരുന്നെങ്കില്‍ എല്ലാം പറയുമായിരുന്നില്ലേ
എന്തേ യാത്ര പറഞ്ഞില്ല ?
ഒരു പുഞ്ചിരി യായ് സാന്ത്വനമായ് കൈതാങ്ങായ് നിന്നവര്‍
ഒരു പിടി ദുഃഖം മാത്രം നല്‍കി വിടപറയുമ്പോള്‍
വീണ്ടും ഏകാന്തതയുടെ കരിമ്പടതിനടിയിലേക്കോ
മൃതിയുടെ ഇരുണ്ട ഗുഹയിലേക്കോ ,അറിയില്ല .....
ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ എല്ലാവരും പോകുമ്പോള്‍
മുജന്മ ശാപം പോലെ മോക്ഷം ലഭിക്കാതെ ഇവിടെ ചിലര്‍......

Tuesday, April 28, 2009

നിയമങ്ങള്‍

പ്രണയം എന്തെന്നറിയുനതിനു മുന്‍പേ
അതിന്‍റെ നിയമങ്ങള്‍ അവര്‍ പഠിപ്പിച്ചിരുന്നു
ആരെ എപ്പോള്‍ എങ്ങനെ എന്തിനു പ്രണയിക്കണം
നിയമങ്ങള്‍ ചട്ടകൂടുകള്‍....
എന്നിട്ടും എന്നിലെ പ്രണയ ജ്വാലകള്‍
എല്ലാ വേലി ക്കെട്ടുകളും ചാമ്പലാക്കി
ഒരു പ്രണയ വസന്തം അവള്‍ എനിക്ക് തന്നു
പ്രണയകാലത്തിനു വിരാമമിട്ടു അവര്‍ കൂട്ടമായ് വന്നു
എന്‍റെ ജീവന്‍ അവര്‍ക്ക്‌ ഒരു ബലിമൃഗമായി
എന്‍റെ രക്തം കൊണ്ടവര്‍ ചന്ദ്രനും നക്ഷത്രങ്ങളും വരച്ചു
എന്‍റെ മരവിച്ച ജീവനെ കവലകള്‍ തോറും കൊണ്ടുപോയി ആക്രമിച്ചു.
എന്‍റെ കല്ലറക്കുമുകളില്‍ അവര് പതിച്ചു വെച്ചു
" ഇവന്‍ നിയമം ലംഖിച്ചവാന്‍ , ഇത് അവന്‍റെ വിധി "
 

Hits Counter