Monday, December 26, 2011

അക്ഷരങ്ങള്‍

അക്ഷരങ്ങള്‍ .............
പല കാലത്തും എന്നില്‍ നിന്നും ചിതറി തെറിച്ചവ ,പുറത്തു ചാടിയവ
പല തലകള്‍ക്കും തീ പിടിപ്പിച്ചവ
പല തലകളും അറുത്ത് എറിഞ്ഞവ
ലോകത്തെ തന്നെ മാറ്റിയവ...
ഭയത്തോടെ ഞാന്‍ അവയെ ചേര്‍ത്ത് വെച്ചു
വാക്കുകളാക്കി , വാക്യങ്ങള്‍ ആക്കി
വെളുത്ത പ്രതലത്തില്‍ കറുത്ത പോറലുകള്‍ പോലെ
അക്ഷരങ്ങള്‍ ...............
പലപ്പോഴും അവ എനിക്ക് പിടിതരാറില്ല
ഒളിച്ചിരുന്നും കുതറി ഓടിയും എന്നോട് കലഹിച്ചിരുന്നു
ഒറ്റ അക്ഷരങ്ങള്‍ ചേര്‍ത്ത് ഞാന്‍
വാക്കുകള്‍ ഉണ്ടാക്കി
വാക്കുകള്‍ ചേര്‍ത്ത് വാക്യങ്ങള്‍ .....
അവയെ ഞാന്‍ കവിതകള്‍ എന്ന് വിളിച്ചു
അത് കേട്ട് അവ എന്നെ നോക്കി ചിരിച്ചിരുന്നു , സഹതപിച്ചിരുന്നു
ചില അക്ഷരങ്ങള്‍ക്ക് എന്നോട് പുച്ഛമാണ്
അവര്‍ മഹാ കവിതയിലെ അക്ഷരങ്ങളത്രേ
ഞാന്‍ എന്തിനവരെ എന്നിലേക്ക്‌ ചേര്‍ക്കുന്നുവത്രേ
ഒന്നും പറഞ്ഞില്ല പതിയെ അവയ്ക്ക് മേലെ ഒരു കനത്ത വര വരച്ചു
പുറത്തേക്കു എറിഞ്ഞു ............
ഓര്‍ത്തു,ഇനി എന്നാണാവോ ഈ പേനക്കും എന്നോട് പുച്ഛം തോന്നുന്നത് ?

Thursday, December 22, 2011

ബുദ്ധിജീവി

എന്റെ വാക്കില്‍ തീയുണ്ട്‌ കത്തുന്ന പകയുണ്ട്
എന്നിട്ടും നിങ്ങളെന്നെ ഊമയെന്നു വിളിക്കുന്നു
എന്റെ കയ്യുടെ കരുത്താല്‍ നിങ്ങളുടെ കാലം തന്നെ മാറുന്നു
എന്നിട്ടും നിങ്ങളെന്റെ കയ്യുകള്‍ കാണുന്നില്ല
എല്ലാം കാണുന്ന എന്നെ
എന്തേ നിങ്ങള്‍ അന്ധന്‍ എന്ന് വിളിക്കുന്നു ?
ശബ്ദ കോലാഹലങ്ങള്‍ കൂട്ടി
നിങ്ങളെന്റെ കാതുകളെ കൊട്ടി അടച്ചില്ലേ ?
എന്റെ മണ്ണില്‍ നിന്നെന്നെ അടര്‍ത്തി മാറ്റാന്‍
നിങ്ങളെന്റെ കാലുകള്‍ വെട്ടി മാറ്റിയില്ലേ ?
പിന്നെ എന്തിനെന്റെ രക്തവും സിരകളും ബാക്കി നിര്‍ത്തി
എന്നെ ബുദ്ധി ജീവിയായി കുടിയിരുത്തി ?
എന്റെ മരണത്തെ നിങ്ങള്‍ ആഘോഷിക്കുക
എന്റെ നെഞ്ചില്‍ ആ ചോരയുടെ ഗന്ധമുള്ള റീത്തുകള്‍ വെക്കുക ......
 

Hits Counter