Tuesday, February 23, 2010

ഞാന്‍ അന്ധന്‍ അല്ല

ഇന്നെനിക്കു കണ്ണുകളില്ല
എന്നേ ഞാനവ ചൂഴ്ന്നു മാറ്റി
പ്രണയവും മരണവും മാത്രം കണ്ടുമടുത്ത കണ്ണുകള്‍
ഇന്നെന്‍റെ കാഴ്ച്ചയില്‍ നിന്‍റെ രൂപമില്ല
പട്ടിണി തിന്നസ്ഥികോലങ്ങള്‍ തൂങ്ങി ആടുന്നുണ്ട്
നിന്‍റെ പുഞ്ചിരി ഇല്ല
ഏതോ ചതിയില്‍ തകര്നടിഞ്ഞ പെണ്‍കിടാങ്ങള്‍തന്‍ തേങ്ങലുണ്ട്
ഇന്നെന്‍റെ കാതില്‍ നിന്‍ മോഹനവാഗ്ദാനങ്ങള്‍ ഇല്ല
കാലം തെറ്റി മരിച്ച ആത്മാക്കള്‍ കവിത പാടുന്നുണ്ട്
ഇന്നെനിക്കു , എങ്ങോ ആത്മഹുതിക്കായ്‌ കയര്‍ മുറുകുന്നത് കാണാം
കൊലകത്തി മൂര്‍ച്ചക്കൂട്ടും തീപൊരികള്‍ കാണാം
വേട്ടകാരെയും ഇരകളെയും കാണാം
ഇന്നെന്‍റെ വാക്കിന്നു പഴയ മധുരമില്ല
നെഞ്ചില്‍ തറക്കും ചാട്ടുളിയാണ്
നിന്‍റെ ഓര്‍മ്മകള്‍ എന്‍റെ രക്തം മരവിപ്പിക്കുന്നില്ല
കാഴ്ചകള്‍ എന്‍റെ രക്തത്തിന്നു തീ കൊളുത്തുന്നു
എന്‍റെ ഹൃദയത്തില്‍ നീ തന്ന മുറിവുകള്‍
തലയറ്റ ജഡങ്ങളാല്‍ മൂടിയിരിക്കുന്നു
ഞാന്‍ ഇന്ന് മരണത്തെ പ്രണയിക്കുന്നില്ല
അതൊരു സത്യമെന്നറിയുന്നു
ഞാന്‍ നിന്‍റെ കാല്‍ പാടുകള്‍ പിന്തുടരുന്നില്ല
നിന്‍റെ കാല്പാടുകള്‍ ചോരയില്‍ മാഞ്ഞിരിക്കുന്നു
ചോരയും വിയര്‍പ്പും ആശയും നിരാശയും വീണു പടര്‍ന്ന ഈ മണ്ണില്‍
ഞാന്‍ തല ഉയര്‍ത്തിനില്‍ക്കുന്നു
എന്‍റെ കണ്ണുകള്‍ അലറുന്നു......
ഞാന്‍ അന്ധന്‍ അല്ല......

No comments:

 

Hits Counter